നിങ്ങളുടെ വോട്ട് നിങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടോ ?
ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ശിലയാണ് തിരഞ്ഞെടുപ്പുകൾ. ഓരോ വോട്ടിനും വലിയ പ്രാധാന്യമുണ്ട് തിരഞ്ഞെടുപ്പിൽ. നമ്മുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനും നാടിന്റെ ഭാവി രൂപപ്പെടുത്താനും വോട്ട് നമ്മെ പ്രാപ്തരാക്കുന്നു. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നിങ്ങളുടെ വോട്ട് ശരിക്കും നിങ്ങളുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന്? തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ നമ്മുടെ സമൂഹത്തിന്റെ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളെ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നുണ്ടോ?
നിലവിൽ നാം ഉപയോഗിച്ച് വരുന്ന വോട്ടിംഗ് രീതിയുടെ അടിസ്ഥാനപരമായ പരിമിതി മൂലമാണ് നമ്മുടെ തിരഞ്ഞെടുപ്പുകൾ പലപ്പോഴും യഥാർത്ഥ ജനഹിതം പ്രതിഫലിപ്പിക്കാത്തത്. ഈ പരിമിതികൾ പരിഹരിച്ച് ജനങ്ങളുടെ യഥാർത്ഥ ആഗ്രഹങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു വോട്ടിംഗ് രീതിയാണ് ‘അംഗീകാര വോട്ടിങ് ’ (Approval Voting).
നിലവിലെ വോട്ടിംഗ് രീതിയുടെ പരിമിതികൾ
നിലവിലെ വോട്ടിംഗ് രീതിയിൽ, ഒരു വോട്ടർക്ക് ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. അതായത്, ഏറ്റവും ഇഷ്ടപ്പെട്ട ആൾക്ക് വോട്ട് ചെയ്യുക; മറ്റുള്ളവരെ ഒഴിവാക്കുക. വോട്ടെണ്ണുമ്പോൾ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന സ്ഥാനാർത്ഥി വിജയിയായി പ്രഖ്യാപിക്കപ്പെടുന്നു. നമ്മുടെ നാട്ടിൽ ഉൾപ്പെടെ ലോകത്ത് പലയിടത്തും കണ്ടുവരുന്ന ഈ വോട്ടിംഗ് സമ്പ്രദായം അറിയപ്പെടുന്നത് First Past Tthe Post (FPTP) അല്ലെങ്കിൽ ‘പ്ലൂറാലിറ്റി വോട്ടിംഗ് ’ (Plurality Voting) എന്നാണ്.
ഒരു സാങ്കല്പിക ഉദാഹരണം വെച്ച് നമ്മുക്ക് ഈ വോട്ടിംഗ് രീതിയുടെ (FPTP) പരിമിതി മനസിലാക്കാം — 100 പേരുള്ള ഒരു കോളേജിൽ നിന്നും ടൂർ ആസൂത്രണം ചെയ്യുകയാണ് കരുതുക. കൂടുതൽ ആളുകൾക്കും താല്പര്യമുള്ള 4 സ്ഥലങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കണം. അതിനായി അവർ നിലവിൽ നമ്മുടെ നാട്ടിൽ ഉപയോഗിച്ച് വരുന്ന FPTP വോട്ടിങ് രീതിയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. അതിന്റെ ഫലം ഇങ്ങനെയാണെന്ന് കരുതുക.
| Destination | No. of Votes | Vote Share |
|---|---|---|
| Ootty | 25 | 25 % |
| Munnar | 30 | 30 % |
| Goa | 23 | 23 % |
| Delhi | 22 | 22 % |
30% വോട്ട് നേടിയ മൂന്നാർ ആണ് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ 70% വരുന്ന ഭൂരിപക്ഷം ആളുകൾക്കും മൂന്നാർ താൽപര്യമില്ല എന്ന് വോട്ടിംഗ് ശതമാനത്തിൽ നിന്നും മനസിലാക്കാം. അങ്ങനെ ഭൂരിപക്ഷത്തിന്റെ ആഗ്രഹം തഴഞ്ഞു കേവലം 30% ആളുകൾക്ക് മാത്രം താൽപര്യമുള്ള മൂന്നാർ, നമ്മുടെ ഈ സാങ്കൽപ്പിക തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണ്.
ഭൂരിപക്ഷത്തിന്റെ താല്പര്യം തഴയുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെങ്കിൽ, ആ തിരഞ്ഞെടുപ്പിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടേണ്ടതാണ് .
കേവലമായ 30% വോട്ട് വിഹിതം കൊണ്ട് എങ്ങനെ ഭൂരിപക്ഷ താൽപര്യം മറികടക്കാൻ കഴിയുന്നു എന്ന് നോക്കാം.
-
നമ്മുടെ ഈ സാങ്കൽപിക തിരഞ്ഞെടുപ്പിൽ ഊട്ടിയും ഗോവയും ഒരേ പോലെ താൽപര്യമുള്ള ഒരാൾക്ക്, ഇവയിൽ ഒന്നിന് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ എന്നതിനാൽ - ഇവ രണ്ടിൽ നിന്നും ഒന്ന് മാത്രം തിരഞ്ഞെടുക്കാൻ നിർബന്ധിതനാവുകയാണ്. അതിനാൽ അയാളുടെ യഥാർത്ഥ താൽപര്യം അനുസരിച്ചു വോട്ട് ചെയ്യാൻ കഴിയാതെ പോകുന്നു.
-
അയാൾക്ക് ഊട്ടിയാണ് ഗോവയേക്കാൾ താൽപര്യമെങ്കിൽ, തിരഞ്ഞെടുപ്പിൽ ഊട്ടിയ്ക്ക് ആയിരിക്കാം വോട്ട് ചെയ്തത്. എന്നാൽ ഊട്ടിയും ഗോവയും താൽപര്യമുള്ള മറ്റൊരാൾ ഗോവയ്ക്കായിരിക്കാം വോട്ട് ചെയ്തത്. അങ്ങനെ വരുമ്പോൾ ഒരേ താല്പര്യമുള്ള ഈ രണ്ടു പേരുടെയും വോട്ടുകൾ രണ്ടായി വേർ പിരിഞ്ഞു (Split) പോവുകയാണ്. അവർക്ക് താൽപര്യമില്ലാത്ത മൂന്നാർ വിജയിക്കാൻ ഇത് സഹായിച്ചിരിക്കാം.
നമ്മുടെ നിലവിലുള്ള ‘ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്’ (FPTP) സമ്പ്രദായം പലപ്പോഴും ജനങ്ങളുടെ യഥാർത്ഥ താൽപ്പര്യങ്ങളെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നില്ലെന്ന് കണ്ടു. ഈ രീതിക്ക് പകരം വെക്കാനായി ഗവേഷകരും ബുദ്ധി ജീവികളും കുറെ അധികം വോട്ടിങ് രീതികൾ കണ്ടത്തിയിട്ടുണ്ട്. എന്നാൽ അതിൽ ഒരെണ്ണം മാത്രമേ നമ്മുടെ രാജ്യത്ത് വിജയകരമായി നടപ്പാക്കാൻ കഴിയു എന്ന് ഞാൻ വിശ്വസിക്കുന്നു.
അംഗീകാര വോട്ടെടുപ്പ്
അംഗീകാര വോട്ടിംഗ് എന്നത് തികച്ചും വ്യത്യസ്തമായ സമീപനമാണ്. ഇവിടെ വോട്ടർമാർക്ക് തങ്ങൾ “അംഗീകരിക്കുന്ന” (approve) എത്ര സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാൻ അനുവാദമുണ്ട്. അതായത്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒന്നോ, രണ്ടോ, മൂന്നോ, അല്ലെങ്കിൽ എല്ലാ സ്ഥാനാർത്ഥികൾക്കും വോട്ട് രേഖപ്പെടുത്താം. വോട്ട് എണ്ണുമ്പോൾ, ആർക്കാണോ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നത്, അയാളായിരിക്കും വിജയി.
അംഗീകാര വോട്ടിംഗിൽ നിങ്ങളുടെ ഇഷ്ടം കൂടുതൽ വിശാലമായി പ്രകടിപ്പിക്കാൻ സാധിക്കുന്നു. നിങ്ങൾക്ക് ഒരു സ്ഥാനാർത്ഥിയെ മാത്രം ഇഷ്ടമെങ്കിൽ അയാൾക്ക് മാത്രം വോട്ട് ചെയ്യാം. ഒന്നിലധികം പേരെ ഇഷ്ടമെങ്കിൽ അവർക്കെല്ലാം വോട്ട് ചെയ്യാം. ഇത് വോട്ടർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. ഈ മാറ്റം വോട്ടർമാർക്ക് തങ്ങളുടെ യഥാർത്ഥ താൽപ്പര്യങ്ങൾ കൂടുതൽ കൃത്യമായി രേഖപ്പെടുത്താൻ അവസരം നൽകുന്നു.